2020, ജൂൺ 27, ശനിയാഴ്‌ച

വിഷാദം


വിഷാദം 
കവിയുടെ
തൂലികയിലേക്കൊഴുകുന്ന 
ഹൃദയ രക്തം ! 

കടലായും 
പുഴയായും
പ്രളയമായും 
അതൊഴുകുന്നു !

ചിലത്,
തടാകങ്ങൾപോലെ 
ഒഴുക്കില്ലാതെ 
മൗനമാകുന്നുമുണ്ട്!
ഒരു കണ്ണാടികണക്ക് 
മനസരോവരത്തിലെ 
ഉപരിതലത്തിൽ
കവിയുടെ രൂപം കാണാം !

അതിശൈത്യത്താൽ 
ലക്ഷ്യത്തിലെത്താതെ 
ഉറഞ്ഞുപോകുന്ന
സമുദ്രങ്ങൾ പോലുമുണ്ട് !
ഒന്നൊഴുകിപോകാൻ 
സൂര്യതാപത്തിനുവേണ്ടി 
അവ കാത്തുകിടക്കുന്നു !

വിഷാദം 
തൂലികയിലെ  
തീയാകുമ്പോൾ 
സ്വയം ചിതയൊരുക്കി 
സതിയനുഷ്ഠിക്കുന്ന 
കവികളുമുണ്ടു് !

മഷി  തീരുമ്പോൾ 
തൂലിക അനാഥമാകുന്നു ! 

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -53 )




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ