2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

കോറോണക്കാലത്തെ കവിതകൾ -23 

സ്വർണ്ണഖനി 

ആറിൽ പഠിക്കുമ്പോൾ 
സാമൂഹിക ശാസ്ത്രം ക്ലാസ്സിൽ 
മാഷാണ്  പറഞ്ഞത് 
'സ്വർണ്ണം, 
മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നു'!

ഹാ ! വിലപിടിപ്പുള്ള സ്വർണ്ണം !
അത്, ചേനയും ചേമ്പും പോലെ 
മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നത്രെ !
വീട്ടിലാണെങ്കിൽ 
ഒരു തരി സ്വർണ്ണമില്ല 
ദാരിദ്ര്യം കുന്നോളവും !
എനിക്ക്  വെളിപാടുണ്ടായി .

വീട്ടിലെത്തേണ്ട  താമസം 
തൂമ്പയുമെടുത്തുഞാൻ 
പിന്നാമ്പുറത്തേക്കു നടന്നു .
സ്വർണ്ണഖനനമാണ്  പദ്ധതി.
കളിക്കൂട്ടുകാരെ  വിളിച്ചില്ല 
സ്വർണ്ണം  പങ്കിടാനിഷ്ടമല്ല.
തികഞ്ഞ  സ്വാർത്ഥത !  

അതിരഹസ്യമായ  ഖനനം. 
കൊത്തിക്കുഴിച്ചങ്ങനെ 
അതിരോളമോ, അപ്പുറമോ 
എത്തിയെട്ടെന്തു  ഫലം ?!
സ്വർണ്ണവുമില്ല , ചേനയുമില്ല .
കയ്യിലെ നീർക്കുമിള മിച്ചം !

കാലം കടന്നുപോയ്.
സ്വർണ്ണത്തിനു വിലകൂടി 
സ്വർണ്ണത്തോടെനിക്ക് 
വിലയില്ലാതായി .
എങ്കിലുമോർമ്മകളിൽ 
ആ  സ്വർണ്ണഖനിയുടെ 
കുഞ്ഞുസുൽത്താൻ  
ഇന്നും  ചിരിപടർത്താറുണ്ട് .

ഏതോ, ഒരറബിക്കഥപോലെ ...
  
സനീഷ്  കായണ്ണ ബസ്സാർ 

വയറുനിറച്ച്‌
ഭക്ഷിച്ചിരിക്കുന്ന സമയം 
അതികൗതുകകരമായ 
ഒരു വിചാരം!

പെണ്ണുകെട്ടിയാൽ 
അവൾക്കുവേണ്ടി 
കാല്പനികതയോടെ  
എന്തൊക്കെ ചെയ്യും?

അവൾ കറുത്തിട്ടാണെങ്കിൽ,
കോട്ടൺ തുണിയുടെ 
കറുത്ത ബ്ലൗസുടുപ്പിച്ച്‌
കറുത്ത ബോർഡറുള്ള 
വെളുത്ത സാരിയുടുപ്പിക്കും!

അവൾ വെളുത്തിട്ടാണെങ്കിൽ,
കോട്ടൺ തുണിയുടെ
വെളുത്ത ബ്ലൗസുടുപ്പിച്ച്‌
വെള്ള ബോർഡറുള്ള 
കറുത്ത സാരിയുടുപ്പിക്കും! 

ഇരുനിറമാണെങ്കിൽ,
തൂവെള്ളയിൽ 
ചുമന്നതോ നീലയോ ആയ 
ചെറിയ പൂവുകൾ 
അങ്ങിങ്ങലങ്കരിച്ച  
വസ്ത്രമുടുപ്പിക്കും!

മുഖം,
സിന്ദൂരമിടരുത്
പൊട്ടു തൊടരുത് 
മഷിയെഴുതരുത്  
മൂക്കുത്തിയണിയരുത് 
ചായം തേക്കരുത്
ചെറുമന്ദഹാസം വേണം!

മുടി,
കെട്ടിയിടരുത്‌ 
കാച്ചെണ്ണ തേക്കണം 
അധികം  വലുതല്ലാത്തയൊറ്റ 
ചുമന്ന ചെമ്പകം വെക്കണം!

ആഭരണം,
ഒട്ടുമിഷ്ടമല്ലെങ്കിലും 
കഴുത്തിൽ 
പച്ചരത്നമുള്ള 
നാഗപടത്താലി 
ഞാന്നുകിടക്കണം!

ഒരുപക്ഷേ ,
ഒരു യക്ഷിയെപ്പോലെ 
നിനക്കിതുതോന്നാമെങ്കിലും 
ഇതാണെന്റെ  മറുപാതി!

ഈ സ്ഥിതിക്ക്  
ഒന്നുകെട്ടിക്കൂടെ  മനുഷ്യാ?
അയ്യോ!
എന്റെ കല്പനകളിലെ  
കൗതുകങ്ങൾ മാത്രമാണിത്.
വിശന്നാൽ ഇല്ലാതാകുന്നത്.
അതൊക്കെ 
അങ്ങനെതന്നെയിരിക്കട്ടെ! 


  
  

കോറോണക്കാലത്തെ കവിതകൾ -15  

'റിഥം  ഓഫ് യൂണിവേഴ്‌സ് '

പ്രപഞ്ചം 
താളലയമാണ് .

താളമുണ്ടെങ്കിലേ 
ലയനം നടക്കൂ .
ലയനം നടന്നാൽ 
ആസ്വാദനം !

ഉദാഹരിച്ചാൽ 
മനുഷ്യന്റെ 
ഒരു താളലയമാണ് 
ജീവകാലഘട്ടമായ 
ബാല്യം, കൗമാരം 
യൗവനം , വാർദ്ധക്യം.
വിചാര-വികാരങ്ങൾ 
ഈയൊരുതാളലയത്തിൽ 
സംക്രമിക്കുമ്പോൾ   
ആസ്വാദനം !

ഉദാഹരണം 
കൗമാരത്തിൽ,
മരണം ഭയന്ന മനുഷ്യൻ
വാര്ധക്യത്തിൽ ,
മരണത്തെ കൊതിക്കുകയും 
'എന്നെയങ്ങെടുക്കണേ' യെന്ന് 
പ്രാർത്ഥിക്കുകയും ചെയ്യുന്നു .
അതാണ് 'താളലയാസ്വാദനം'! 

താളലയത്തിനു
പുറത്താകുമ്പോഴാണ്
പ്രപഞ്ചത്തിൽ
ചോറ് അടിക്ക് പിടിക്കുന്നത്
അഗ്‌നിപർവതം പുകയുന്നത്
നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നത് !
മനുഷ്യനിലത്
നന്മയും സന്തോഷവും
സംതൃപ്തിയും നശിക്കലാണ്!

പ്രപഞ്ചം 
താളലയമാണ് .
അത് ശാന്തവും 
സൗന്ദര്യവുമാണ്.  

ഒഴുകൂ,
താളലയത്തിലെങ്ങനെ ...



സനീഷ്  കായണ്ണ ബസ്സാർ 





























..........
ഒന്നും മനസിലായില്ലേ 
കുറച്ചൊക്കെ  മനസിലായോ 
പൂർണമായും മനസിലായോ ?
തൊട്ടുമുകളിലെ  മൂന്നുവരികൾ 
അറിവിന്റെ ഒരു താളലയമാണ് .

അജ്ഞത-അറിവ്-പൂർണ്ണജ്ഞാനം!


ഇന്നലെ കണ്ട സ്വപ്നം

തലവാചകം
വായിച്ചല്ലൊ. 
അതൊരു 
തീവണ്ടിയാത്രയാണ്‌...  

അതൊരു 
ദൂരയാത്രയും 
മടങ്ങിവരുമോയെന്നു 
നിശ്ചയമില്ലാത്തതുമാണ്...

ദുഃഖത്തോടെയാണോ 
സന്തോഷത്തോടെയാണോ 
പോകുന്നതെന്നുപോലും 
നിർണ്ണയിക്കാനാകുന്നില്ല ... 

മൂന്നുപേർക്ക് 
കയറിപ്പറ്റാൻ  കഴിഞ്ഞില്ല !
അതിലൊന്ന് കമിതാക്കളം 
മറ്റൊന്ന്, എന്റെപ്രിയസുഹൃത്തും.

അതൊരു  
മരണവണ്ടിയാണോ?
ആണെങ്കിൽ 
എന്റെയാഗ്രഹങ്ങ ൾ   
പൂർത്തിയാക്കാതെയാണ്   
ഞാൻ പോയിട്ടുണ്ടാകുക !
എന്റെയാഗ്രഹങ്ങളിൽ പലതും 
മറ്റുള്ളവരുടെ  
സ്വപ്നങ്ങളായിരുന്നു 
അതിനിനിയും 
സമയം വേണമായിരുന്നു ! 

ആരായിരുന്നു 
ആ കമിതാക്കൾ ?
അതെന്റെ സ്നേഹം തന്നെ .
അതിലമ്മയുണ്ട് 
എല്ലാ മനുഷ്യരുമുണ്ട്
പൂവുകളും പുഴയുമുണ്ട്.

ആ പ്രിയ സുഹൃത്ത് ? 
കരളിൽ രണ്ട് ദ്വാരമുള്ള  
അവന്റെയാഗ്രഹങ്ങളൊക്കെ 
സഫലമാക്കപ്പെട്ട്‌ 
അവൻ  പിന്നെ വരട്ടെ !

എന്തായാലും 
ആ തീവണ്ടി മടങ്ങിവരണം 
എന്നാഗ്രഹിച്ചുകൊണ്ടായിരിക്കും 
ഞാനിന്ന്  ഉറങ്ങാൻ കിടക്കുക... 

സ്നേഹിച്ച്‌ കൊതിതീരാത്തവൻ... 

2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

കോറോണക്കാലത്തെ കവിതകൾ -21

അനന്തരം ...

അനന്തരം
നിനക്ക് സ്വാതന്ത്രം കിട്ടും...

അപ്പോൾ

പക്ഷിയുടെ കൂട്
തുറന്നുവിടണം

വർണ്ണമത്സ്യത്തിന്റെ 

ചില്ലുപാത്രമുടച്ച്‌
മോചിപ്പിക്കണം

ചങ്ങലകളഴിച്ച്‌

ഭയത്തിൽനിന്നും
വളർത്തുമൃഗങ്ങളെ
സ്വതന്ത്രരാക്കണം

ചെടികൾ 

വെട്ടിയൊതുക്കാതെ
അതിന്റെയിഷ്ടത്തിന്
വളരാനനുവദിക്കണം 

നിന്റെയിഷ്ടങ്ങളിലൂടെ

ലോകത്തെ കാണാതെ
അതിനെ അതായിരിക്കുവാൻ 
അനുവദിക്കണം 

അടിമയാക്കുന്ന നിന്റെ

അപാരമായ  ബുദ്ധി
ആദ്യം  തന്നെ
അവസാനിപ്പിക്കണം 

കുറച്ചുകാലത്തെ

കോറോണത്തടവറ
ഇത്രയെങ്കിലും  നിന്നെ
പഠിപ്പിച്ചിരിക്കണം .

അല്ലെങ്കിൽ

ആയുഷ്‌ക്കാലമോ
തലമുറകൾ തന്നെയോ
തടവിലാക്കപ്പെട്ടവർക്കായ്
കണക്കുചോദിക്കാൻ
കാലമിനിയും വരും 

നിനക്ക്

കാണാൻ പോലുമാകാത്ത
സൂക്ഷ്മജീവികളുമായ് ...

              സനീഷ് കായണ്ണ ബസ്സാർ 

2020, ഏപ്രിൽ 14, ചൊവ്വാഴ്ച

കോറോണക്കാലത്തെ കവിതകൾ -16 

കരകവിഞ്ഞ പുഴ 

അങ്ങനെയങ്ങനെ
കവിതകൾ വന്നുകൊണ്ടിരിക്കേ
ചില സുഹൃത്തുക്കൾക്ക് സംശയം .
ഡാ, നിനക്ക് പ്രാന്തായോ
എന്തേലും പ്രശ്നമുണ്ടോ
നീ ഓക്കെയല്ലേ മുത്തേ?

എന്തുചെയ്യുവാൻ !
സമയവും സ്ഥലവും കുറിച്ച്
എഴുതുന്നതല്ലല്ലോ .
വന്നുപോകുന്നതാണല്ലോ!

ഈയിടെ,
സ്വച്ഛമായൊഴുകുന്ന
ഒരു പുഴയേയല്ല ഞാൻ !
ഉരുൾപൊട്ടലും
വെള്ളപ്പൊക്കവും
കലക്കവെള്ളവുമുള്ള 
തുലാമാസത്തിലെ
ഭ്രാന്തുപിടിച്ച 
ഒരു പുഴയാണുഞാൻ ...

എന്റെ വഴിയും
കൈവഴികളും,ലക്ഷ്യവുംതന്നെ
ഞാൻ മറന്നുപോയിരിക്കുന്നു!
വഴി തടസ്സപ്പെട്ടതുകൊണ്ടാണ് 
കരകവിഞ്ഞെങ്ങോട്ടെന്നില്ലാതെ 
ഞാനൊഴൊകിയതൊക്കെയും !

ഉപ്പുരസവുമായി കാത്തിരിക്കുന്ന
കടലിനെയും എനിക്കിഷ്ടമല്ല !
എന്നും അളവിൽ മാത്രമാണ്
കടലെന്നെ  ഉൾക്കൊള്ളുന്നത്.
ശുദ്ധമായ നീരുറവയിൽ
ഉൽഭവചരിത്രമുള്ള  ഞാൻ  
ലവണരസത്തിൽ 
ലയിക്കുന്നതെങ്ങനെ ?

നിന്നിടത്തുനിൽക്കുവാനോ  
പിന്നോട്ടൊഴുകിപ്പോകുവാനോ 
പുഴകൾക്കു കഴിയാറില്ലല്ലോ!

ഒഴുകുക തന്നെ!


സനീഷ്  കായണ്ണ ബസ്സാർ 




'എഴുതാത്ത കവിത' 

മരിച്ചവരെയോ
ജീവിക്കുന്നവരെയോ
വേദനിപ്പിക്കരുതെന്നുവെച്ച്
എഴുതാതെപോയ ചിലവരികളുണ്ട്...

അതൊരു
വിങ്ങലോ, വേദനയോ
പേരിട്ടുപറയാനറിയാത്ത
മറ്റെന്തൊക്കെയോ  ആണ്...

ഒരുപക്ഷേ
അതുംകൂടിയെഴുതിതിയാൽ
ശവശരീരം പോലെ
ഞാൻ തണുത്തുപോയേനെ ...

ഓരോ  വരിയെഴുതുന്നതും
അവാച്യമായ അനുഭവമാണ്.
അതനുഭവിക്കുകയെന്നതാണ്
അനുഭൂതിയുടെ അങ്ങേയറ്റം ...

അതിനെ ഞാൻ
എന്നെ ജീവിപ്പിക്കുന്ന
പ്രണയനിമിഷമെന്നോ
പ്രാണനെന്നോ വിളിക്കും ...

വേദനിപ്പിക്കുമെന്നുകരുതി
എഴുതാതെപോയ വരികൾ
ഒരു നെരിപ്പോടുപോലെ
എന്നിലിരുന്നെരിയട്ടെ ...

നക്ഷത്രംപോലെ
മെഴുകുതിരിപോലെ
ഞാനും കത്തികൊണ്ടിരിക്കട്ടെ.
ഒടുവിൽ, അണയുമല്ലോയെല്ലാം...

വെളിച്ചമാകുന്ന വേദനകൾ !  
   

കോറോണക്കാലത്തെ കവിതകൾ -17 

'സംഘ പരിവാറിലേക്ക്' ...

ഇന്റർനെറ്റ് യുഗത്തിൽ 
ഒറ്റപ്പെട്ടുപോയൊരാൾ 
എന്തുചെയ്യാനാഗ്രഹിക്കും?

സ്വാഭാവികമായും,

ഗ്രൂപുകളിൽ ചെന്ന്സജീവമാകും!
പലഗ്രൂപ്പുകളിൽ നിന്നും 
സജീവമല്ലായെന്നുപറഞ്ഞ് 
പണ്ടേ പടിയടച്ചുപുറത്താക്കപെട്ട  
ഈ  ഞാൻ എന്തുചെയ്യും ? 

അല്ല, ഗ്രൂപ്പുകളും 

പ്രെശ്നം  തന്നെയാണല്ലോ !
എന്നെക്കൊണ്ട് പറ്റാത്ത 
ഒരുപാട്  ഗെയിമുകളുണ്ടവിടെ.

ഒന്ന്, ഗ്രുപ്പിലെ ബുദ്ധിയുള്ളവർ `

ആരാണെന്നു  നോക്കാമല്ലോയെന്നും 
പറഞ്ഞുവരുന്ന  പ്രഹേളികയാണ്  .
തനി പരിഹാസങ്ങൾ ! 

രണ്ട്, ഓടും സിംഹത്തെ

പറക്കും പക്ഷിയെ 
അല്ലെങ്കിലതുപോലെയുള്ള
ഏതെങ്കിലുമൊരു  വഴുവഴുപ്പിനെ  
ഒരു ബിന്ദുവിലേക്കെത്തിക്കുകയാണ് .
ഞോണ്ടിക്കൊണ്ടിരിക്കാമെന്നല്ലാതെ 
അതൊന്നുമൊരിക്കലും നേരെവന്നിട്ടില്ല .
ചന്തയിൽപോയി നല്ലമീൻ വാങ്ങി
വീട്ടിലെത്തിക്കാനറിയാത്ത ഈ ഞാൻ!

പിന്നെയുള്ളത്  ഗണിതപ്രപഞ്ചം. 

മാങ്ങ 10 + ചക്ക 20 = Y എന്നുതുടങ്ങും 
സമസ്യകൾക്കൊക്കെ ഞാനെങ്ങനെ 
ഉത്തരം കണ്ടുപിടിക്കും ?
പ്ലസ്ടുവിനു കണക്കിന്‌
തോക്കുമെന്നുറപ്പായപ്പോൾ 
ടീച്ചറുടെയടുത്തുപോയിരുന്ന്
സൈൻതീറ്റയും കോസ്തീറ്റയും തിന്ന് 
കടന്നുകൂടിയതാണെന്റെ 
കണക്കായ കണക്കൊക്കെയും  ! 

ഇങ്ങെനെയൊക്കെയാണെനിക്ക് 

ഗ്രൂപുകളിൽ ജീവനില്ലാതെ പോയത്.
അന്ന് പുറത്താക്കപ്പെട്ടപ്പോൾ 
കേവലം 'ക്യാ ഹെ' അവസ്ഥ.
ഞാനറിഞ്ഞോ പത്തുമുപ്പതു ദിവസം 
സ്റ്റേ അറ്റ്  ഹോം വരുമെന്ന് ?
കോവിഡ് -19 എന്നുകേൾക്കുന്നതുതന്നെ
ജീവിതത്തിലാദ്യമായാണ് ! 

എന്നാലിന്ന്, ഉളുപ്പില്ലാണ്ട്

ഗ്രൂപുകളിൽ  ചെന്നുനോക്കാം.
മനുഷ്യവംശത്തിനുവേണ്ടി  
ഞാനും വീട്ടിലിരിക്കേണ്ടതുണ്ട്. 
വീട്ടിലിരിക്കണമെങ്കിൽ 
ഞാൻ ഗ്രൂപ്പുകളിലേക്കു 
മടങ്ങിപ്പോകേണ്ടതുമുണ്ട്. 

കോറോണയിൽ നിന്നും 

പ്രാണനെ രക്ഷിച്ചെടുക്കാൻ 
കോറോണയെക്കാൾ ഭീകരരുള്ള
കൂട്ടുകുടുംബത്തിലേക്ക്  
ഞാൻ മടങ്ങിപോകട്ടെ!   

 സനീഷ് കായണ്ണ ബസ്സാർ 

കോറോണക്കാലത്തെ കവിതകൾ -18 


മഴവില്ല് 

മനുഷ്യൻ 
പതിവില്ലാതെ 
മതവും, രാഷ്ട്രീയവും 
അതിർത്തികളും തന്നെമറന്ന് 
സ്നേഹിക്കുകയും 
സഹകരിക്കുകയും ചെയ്യുന്നു !

ഇതെന്നെ 

ഭയപ്പെടുത്തുന്നുമുണ്ട് !
അതിനർത്ഥം 
അവനൊരു 
പൊതുശത്രുവുണ്ടെന്നും
അവനൊരു  ഭീകരനാണെന്നും 
കാലം ഏറെ  അപകടകരവും 
സൂക്ഷിക്കേണ്ടതുമാണെന്നാണ്!

ശത്രുവിനെതിരെ 

ഇത്രമേൽ  
ഒന്നിച്ചുനിന്നപ്പോഴൊക്കെ 
ജയിച്ചുവെന്നതാണ് ചരിത്രം !
എന്തുകാര്യം ?
ചരിത്രത്തിൽനിന്ന് 
പഠിച്ച ചരിത്രമില്ലല്ലോ !

നാളെ, 

ശത്രു തോൽക്കുമ്പോൾ 
നമ്മൾ വീണ്ടും 
അഴിച്ചുവെച്ച പഴയ 
വസ്ത്രമെടുത്തണിയും !

പൊതുശത്രുവില്ലാതെ 

ഒന്നിച്ചുനിൽക്കാനുള്ള 
സഹജസ്നേഹമൊക്കെ 
മനുഷ്യനുണ്ടോയെന്നത് 
സംശയം തന്നെയാണ് !

പല തുരുത്തുകളിലുള്ള 

നാമെങ്ങനെ 
ഒരുവൻകരയാകും ?
പല തൂവലുകളുള്ള 
നാമെങ്ങനെ 
ഒരു  പക്ഷിയുടെ 
ചിറകായ്  പറന്നുയരും ?

സ്നേഹമെന്ന 

അദൃശ്യശക്തിയിൽ 
പലവർണ്ണങ്ങളുള്ള 
ഒരു മഴവില്ലുപോലെ
വരുന്ന കാലത്തിലെ  
ആകാശത്തിന്റെ അഴക് 
മനുഷ്യനാകാം.

മഴവില്ലിന്

എന്തൊരു സൗന്ദര്യം !

       
             സനീഷ് കായണ്ണ ബസ്സാർ 



2020, ഏപ്രിൽ 5, ഞായറാഴ്‌ച



യോദ്ധാക്കൾ

ഞങ്ങൾ യോദ്ധാക്കൾ !

വീടെന്ന 
സ്നേഹത്തിലലിഞ് 
കോറോണയുടെ 
ചങ്ങലകൾ  പൊട്ടിച്ച് 
എവിടെയുമുള്ള 
ഓരോ മനുഷ്യനേയും 
രക്ഷിച്ചെടുക്കുന്ന 
ധീരയോദ്ധാക്കൾ !

ലോകത്തെയാകെ 

ഓരോ വീടെന്ന
കള്ളിയിലാക്കി 
നീ സൃഷ്‌ടിച്ച തടവറ 
ഞങ്ങളോരോരുത്തരുടേയും 
ഇച്ഛാശക്തികൊണ്ടുമാത്രം
പൊളിഞ്ഞുവീഴുകതന്നെ ചെയ്യും !
ശേഷം ഞങ്ങൾ 
അയൽക്കാരന്റെ വീട്ടിലും 
കടൽത്തീരത്തും ചെന്നിരിക്കും.

ഞങ്ങളുടെ കയ്യിൽ 

ആയുധങ്ങളില്ല 
മരങ്ങളുടെ മറവുപറ്റി 
വെടിയുതിർക്കുന്നില്ല 
താഴ്വാരങ്ങളിരുന്ന്
ഷെല്ലുകൾ വർഷിക്കുന്നില്ല 
മഞ്ഞു വഴികൾക്കപ്പുറത്തേക്ക് 
മിസൈലുകളയക്കുന്നില്ല !

ഞങ്ങൾക്ക് 

രാസായുധങ്ങളില്ല
ജൈവബോംബുകളില്ല 
അണുവായുധങ്ങളുമില്ല 
എങ്കിലും 
രക്തച്ചൊരിച്ചിലില്ലാതെ  
ഓരോ മനുഷ്യനേയും 
ഞങ്ങൾ സംരക്ഷിക്കുന്നു !

ഞങ്ങളുടെ പേരുകൾ 

ശിലാഫലകത്തിലോ 
സ്വർണ്ണലിപികളിലോ 
എഴുതപ്പെടുകയില്ല .
ആവശ്യവുമില്ല .
എങ്കിലും,
ജയിച്ചയുദ്ധത്തിലെ 
യോദ്ധാക്കൾതന്നെയായിരിക്കും 
ഞങ്ങളോരോ മനുഷ്യനും !

ഞങ്ങൾ 

നൈരാശ്യം പേറി 
അസന്തുഷ്ടരായ് 
അസംതൃപ്തരായി 
വെളിയിൽ 
നീയുണ്ടാക്കിവെച്ച  
കെണിയിലേക്ക് 
വന്നുവീഴുമെന്നുകരുതിയ
നീയാണ് വിഡ്ഢി !

പേരക്കിടാവിനോട് പറയുന്ന  

മുത്തശ്ശിക്കഥകളിലെ 
'വൈറസും  മനുഷ്യരും' 
തമ്മിലുള്ളയൊരു 
ലോകമഹായുദ്ധകഥയിലെ 
തോറ്റ പ്രതിനായകകഥാപാത്രമായ് 
നീയവസാനിക്കും !

പടർത്താനാകാതെ കെട്ടുപോയ 

ഒരു വലിയ  കാട്ടുതീപോലെ 
നീയെരിഞ്ഞടങ്ങും .
ആ, ചാരത്തെ ശുദ്ധീകരിക്കാൻ 
പ്രകൃതി,  പ്രണയംകൊണ്ടുതീർത്ത  
ഒരു മഴയുമായ്‌വരും.
നീയൊഴുകിപോകുകയും 
ഞങ്ങൾ മേഘമൽഹാർപാടി 
ഞങ്ങളുടെ സ്വപ്നങ്ങളിലേക്ക്
പറന്നുപോവുകയും ചെയ്യും!
കാലം ചിലപ്പോഴൊക്കെ, 
കാവ്യാത്മകവുമാണ്!

എന്ന് 

ഒരു യോദ്ധാവ് !
  
സനീഷ്  കായണ്ണ ബസ്സാർ 

2020, ഏപ്രിൽ 4, ശനിയാഴ്‌ച

ഞാനും

ഉറുമ്പുകളുമായുള്ള
യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു
പ്രെശ്നം അതിരൂക്ഷമാണ്.

ഇന്നലെ മുതലാണ്

ഉറങ്ങുമ്പോൾ
ചെവിക്കുള്ളിലും മറ്റും(!)
കടിക്കാൻ തുടങ്ങിയത് .

കൊടും ഭീകരർ തന്നെയാണ് 

ഉറുമ്പുകളൊക്കെത്തന്നെയും! 
തന്നെക്കാൾ 
അഞ്ചിരട്ടിഭാരമുള്ള 
അരിമണിയൊക്കെയെടുത്ത് 
ബാഹുബലി കളിക്കും .

വായിലേക്കുള്ള വക 

എവിടെയെങ്കിലും കണ്ടുകിട്ടിയാൽ 
കൂട്ടത്തോടെ വന്ന് 
കടത്തികൊണ്ടുപോകൽ തുടങ്ങും 
മനുഷ്യരെപോലെയേയല്ല. 
സ്വാർത്ഥതയും 
മടിയുമില്ലാത്ത വർഗമാണ്
ഐക്യമാണ് ശക്തിതന്നെ  !


എണ്ണത്തിൽ കുറവും 
വണ്ണത്തിൽ ഉറുമ്പിനോളവുമുള്ള 
ഞാനേതായാലും  
ഒരുനേർക്കുനേർ പോരാട്ടത്തിനില്ല !
ഓർക്കുക! 
കൊടുങ്കാറ്റുവന്നാൽ 
ഞാൻ  നിലംപതിക്കും 
ഉറുമ്പുകൾ അതിജീവിക്കും .
അതുകൊണ്ടുതന്നെ 
ഉപരോധവും നയതന്ത്രപരവുമായ 
സമീപനമാണ് യുദ്ധതന്ത്രം  .

ഭക്ഷണം  കഴിക്കുന്ന

സ്ഥലം മാറണം .
അതൊരിക്കലും
കട്ടിലിനോട് ചേർന്നാകരുത്.
കഴിച്ചയുടനവിടെയൊക്കെ
തൂത്തുവാരണമെന്നതൊക്കെയാണ് 
നിരീക്ഷണാനന്തരനിഗമനം.  
യുദ്ധകാലാടിസ്ഥാനത്തിൽ
നടപ്പിലാക്കണം .

ഭക്ഷണാവശിഷ്ടം വേണമെങ്കിൽ

സഹമുറിയൻ മനുഷ്യന്റെ 
അതൃപ്തിയവഗണിച്ചും  
പഴയതുപോലെയൊക്കെ
മൂടാതെ തന്നെവെക്കാം .
ചെവിയിലും മറ്റും കടിക്കാത്ത
പാറ്റയും പല്ലിയുമാദി
സഹമുറിയന്മാർ വേറെയുമുണ്ടല്ലോ.
വിശപ്പിന്റെ കാര്യമല്ലേ 
യുദ്ധനീതി ജയിക്കട്ടെ !

മുറിയിലെ

സർവ്വവ്യാപികളായ ഉറുമ്പുകളേ
നിങ്ങളുടെ ജീവിതം
അഹിംസയുടെ മാർഗത്തിൽ
ഞാൻ അവസാനിപ്പിക്കും !

സ്വയം പിന്മാറുന്നതാണ് നല്ലത്

എനിക്ക്‌ !



ജ്യോത്സ്യം

കുറച്ചുകാലംമുമ്പ്
ഗൃഹപ്രവേശത്തിന്
ഞാനൊരു
ശുഭമുഹൂർത്തമങ്ങുകണ്ടു.
ക്ഷണക്കത്തുമടിച്ചു!
വീട്ടുകാരൊക്കെ
ബഹളത്തോടു ബഹളം.
ഈ വീട്ടുകാർ
അംഗസംഖ്യയിൽ
നാട്ടുകാരോളം വരും
ജ്യോത്സ്യരെ കാണണം.!
എന്നിട്ടോ?
ഭംഗിയായി
പ്രവേശം നടന്നില്ലേ ?
വിളിച്ച മുഖ്യാതിഥി
പേരാമ്പ്രയിലെ
ലിസിച്ചേച്ചി വന്നില്ലേ ?
വിളിക്കാത്ത
മൂന്നുപേർ വന്ന്
പോർസലൈൻ പാത്രങ്ങൾ
സമ്മാനം തന്നില്ലേ ?
നോക്കണേ കാലം !
പ്രൊഫഷണലായി
ജ്യോത്സ്യം ചെയ്യുന്ന,
എന്നുവെച്ചാ, മിനിമം
ആയിരം രൂപവാങ്ങുന്ന
പേരുകേട്ടജ്യോത്സൻമാരുടെ
ശുഭമുഹൂർത്തങ്ങളൊക്കെ
അശുഭമായിപ്പോയിരിക്കുന്നു !
വീട്ടുകാരോട്
തിരിച്ചുചോദിക്കേണ്ട
തക്കസമയമാണ്.
സന്ദർഭം
കൊറോണയായതുകൊണ്ടും
സർവംസഹനായതുകൊണ്ടും
ഞാനതുചെയ്യുന്നില്ല!
ചോദിച്ചിട്ടും
വലിയ കാര്യമില്ല .
ശരിക്ക് ഗണിച്ചത്
ഞാനായതുകൊണ്ട്
എന്നോട്
ജ്യോത്സ്യപ്പണിചെയ്യാൻ
പറയത്തേയുള്ളു!
ജ്യോത്സ്യം, ഡാ !!

സനീഷ് കായണ്ണബസ്സാർ 
അമ്മയെ കാണണം

എന്നെ കാണാതെ
കരഞ്ഞിട്ടുണ്ടാകും
എന്റെ തലമുടികൾ
തഴുകിയൊതുക്കാനും
മുടി വെട്ടിയൊതുക്കാൻ
ശകാരിക്കാനും
കൊതിക്കുന്നുണ്ടാകും .

കല്ലിച്ചയെന്റെ

തൊലിപ്പുറം നോക്കി 
മെലിഞ്ഞ ശരീരം നോക്കി
'ഇതെന്തുപറ്റി
അതെന്തുപറ്റി'യെന്നൊക്കെ
ചോദിക്കാൻ വെമ്പുന്നുണ്ടാകും. 

അമ്മയെ കാണണം


രാത്രിവരെ

ഫോൺ ചെയ്തില്ലെങ്കിൽ
അർദ്ധരാത്രിയെന്നെ വിളിക്കും
എന്റെ ശബ്ദം  കേൾക്കുംകയും 
അതിനു കുഴപ്പമില്ലെന്ന് 
ഉറപ്പുവരുത്തുകയും ചെയ്യും. 


അന്നൊരിക്കൽ
ചെറുതായൊന്നു
തലകറങ്ങിയപ്പോൾ
എന്റെ നെഞ്ചിലേക്കുവീണ്  
പിഞ്ചുകുഞ്ഞിനേപ്പോലെ 
വാവിട്ടുകരഞ്ഞതാണമ്മ .


അമ്മയെ കാണണം

ഷുഗറും

നടുവേദനയും കൊണ്ടൊരുക്കിയ 
പലഹാരങ്ങൾ`കഴിക്കാനാകാതെ 
ഞാൻ പരാജയപ്പെടുമ്പോഴൊക്കെ 
പരിതപിക്കുകയും ചെയ്യും.


രാവിലെപോകുമെന്നറിഞ്ഞാൽ 
വെളുപ്പിന് നാലുമണിക്കെഴുന്നേറ്റ്
പൊതിച്ചോറുണ്ടാക്കും !
അമ്മയുറങ്ങട്ടെയെന്നു കരുതി
ഇറങ്ങുന്നതിനുമുമ്പുമാത്രം 
'അമ്മേ പോകുന്നു'വെന്നറിയിക്കുമ്പോൾ 
ആമുഖത്തെന്തൊരു  സങ്കടം !
മോനേ, പൊതിച്ചോറെടുക്കട്ടേ ?!  


അമ്മയെ കാണണം

ചില രാത്രിയിൽ 

അമ്മയുടെയടുത്തുകിടക്കുമ്പോൾ
എന്റെ നെറ്റിയിൽ കൈവെക്കും
ദേഹത്തെ ചൂടുതോട്ടുനോക്കും
വിധവയായ അമ്മയുടെയടുത്ത്
ഞാനല്ലാതെയാരാണ് കിടക്കുക ?


കോറോണക്കാലമായതിനാൽ 
ആദ്യമായാണമ്മ  
'നീ വരുന്നില്ലേ'യെന്ന
ചോദ്യമുപേക്ഷിച്ചത് .
നീയെവിടെത്തന്നെ നിൽക്കൂ
എന്നുപറഞ്ഞ 
കരുതലും  സ്നേഹവുമാണമ്മ!


അമ്മയെ കാണണം.
ലോകത്തെ 
ഏറ്റവും സുരക്ഷിതയിടമായ 
ആ  മടിത്തട്ടിൽ തലചായ്ച്ച്‌ 
ഒന്നുകൂടെയെനിക്ക് മയങ്ങണം...