Sunday, November 21, 2010

യാത്രക്കൊടുവില്‍ ...

നമുക്ക് 
ഒരു മരത്തിനുകീഴില്‍
തണലുപകുത്ത്
ഞാനും എന്‍റെതുമില്ലാത്ത
സ്വപ്നങ്ങള്‍കണ്ട് 
ജീവിച്ചുതുടങ്ങാം... 

നീ: ഒറ്റ രാത്രിയുടെ
(ശവ)ശരീരം.
ഞാന്‍ :
ഞാന്‍ എന്നതിലുറങ്ങി
'ഞാന്‍ ഞാന്‍' എന്നതിലുണര്‍ന്ന് 
എനിക്കെന്നതില്‍ വളര്‍ന്നു
ചെറുതായിപ്പോയവന്‍...

എന്‍റെ  വലുപ്പം
എന്‍റെ മതിലുകള്‍ക്കുള്ളില്‍
അവസാനിക്കുന്നു .
അകാലത്തിലെവിടെയോ വെച്ച്
ഞാന്‍ മരിക്കുകയോ
ജീവിച്ചിരിക്കുകയോ ചെയ്യുന്നു.
 
നമ്മള്‍ :
ആകാശത്തിനും സമുദ്രത്തിനും
ക്ഷതം വന്നചിറകുകള്‍അന്യമാക്കുക.
നല്‍കുക-
ദാഹിച്ചവന് രക്തം
ഭിക്ഷചോദിച്ചവന് ഹൃദയം
അധ്വാനിക്കുന്നവന് നിന്നെ
ഒരു ഭൂമി, ഒരു സുഖം, ഒരേ ഹൃദയം...
 
നമുക്ക്
അമ്മയുടെ
ഉപ്പുംമുളകും പുരണ്ടകണ്ണീരിന്
ഒരു പുഞ്ചിരിയെങ്കിലും
തിരിച്ചു നല്‍കാം ...
 
[ദേശാഭിമാനി, 2005 ഡിസംബര്‍ 08]

Saturday, November 20, 2010

ഹൃദയത്തില്‍ നിന്ന്...

വരിക, വരികയൊരുനാളിതുവഴി
വന്നെനിക്കൊരുചിരിതന്നു പോവുക
വരിക വന്നെന്റെയാത്മാവില്‍ നീറുന്ന
മുറിവില്‍ മെല്ലെയൊന്നൂതി
നീപോവുക
വരിക വന്നെന്‍കരിങ്കിനാക്കളില്‍വീണ
പകുതി ജീവനില്‍ പുണരുക .

വരി
കയെത്ര, നിനക്കെത്രവയ്യെന്നിരിക്കിലും
എന്നുള്ളിലായിനിന്നുയിര്‍ചേര്‍ക്കുവാന്‍
വെറുതെയെന്നാകിലും വരിക
നീയരികത്തു നില്ക്കുമ്പോഴാ
ഹൃദയശബ്ധങ്ങളില്‍ ഞാന്‍ മരിച്ചിടടെ
എന്തിനെന്നറിയില്ലയെങ്കിലും നിന്നോട്
സ്നേഹിതേ, സ്നേഹമാണെനിക്കത്രമേല്‍
.

 
[mathrubhoomi, 2004, January 04-10]

Thursday, November 18, 2010

അഗ്നിപര്‍വതം...


എന്‍റെ മാത്രം
കാമുകിയാണ്
എന്‍റെ വാക്കുകള്‍...

ഞങ്ങള്‍ക്ക്
ശരീരങ്ങളുടെ
അകലം പോലും
ജ്ഞാതം ...

അവള്‍
എന്‍റെ 
രക്തത്തില്‍
ജനിച്ചവള്‍...
ഞാന്‍
ജീവിക്കപ്പെടുന്നതിന്‍റെ 
ആദ്യകാരണം...

രാത്രിയിലും
പകലും
വസന്തത്തിലും തുടങ്ങി
'തോന്നുമ്പോള്‍ '
തോന്നുമ്പോള്‍ '
അവള്‍ ഇറങ്ങി നടക്കുന്നു...

അങ്ങനെ
ഒരു
ഇറങ്ങി നടക്കലില്‍
നീയവളാല്‍
കാണപ്പെടും
അവള്‍ പറയും :

ചുട്ടു പൊള്ളുന്ന
ഒരുകിയൊലിച്ച
ലാവകള്‍
എങ്ങനെയാണ്
പേനത്തുമ്പിലെ
ചോരയാകുന്നതെന്ന്...Tuesday, November 16, 2010

ചുവന്ന പൂവ്


അപകടത്തില്‍
മരിച്ചുപോയ
സഹപാഠിയുടെ
പുസ്തകങ്ങള്‍,
 പുതപ്പുകള്‍ 
ആരും
ഏറ്റു വാങ്ങാനില്ലാതെ
ഹോസ്റ്റല്‍ വരാന്തയില്‍ ...

ഏതോ ഗ്രാമത്തില്‍
കൂലി വേലചെയ്യുന്ന
അമ്മയെനോക്കി
തിരിച്ചറിയല്‍കാര്‍ഡിലെ
അവന്‍റെ ഫോട്ടോ
മന്ദഹസിക്കുന്നു...

ഒരു പ്രഭാതത്തില്‍
തൂപ്പുകാരനാല്‍
അവന്‍റെ സാമഗ്രികള്‍
സംസ്കരിക്കപ്പെട്ടു...

എങ്കിലും
അവന്‍റെ ഫോട്ടോ
അപകടത്തില്‍
മരിച്ചുപോയ
എന്‍റെ ചേച്ചിയെപോലെ
എന്‍റെ കണ്ണുകളില്‍
ഉപേക്ഷിക്കപെട്ടു ...

നീ
വരികയാണെങ്കില്‍
ആ വരാന്തയില്‍
ആരെയും കീഴടക്കുന്ന
ജീവിച്ചുമതിയാകാത്ത
ഒരു ചെറുപ്പക്കാരെന്‍റെ
പാട്ടിന്‍റെയീണം
നിനക്ക് കേള്‍ക്കാം....

ഓര്‍മ്മകളില്‍
ഒരു ഊഞ്ഞാല്‍
അലങ്കരിക്കപെട്ട്
ആടുവാന്‍
ആരുമില്ലാതെ...


[MH Hostel E -ല്‍ നിന്നും അകാലത്തില്‍ മാഞ്ഞുപോയ അജ്ഞാതനായ സുഹൃത്തിനു