2020, ജൂൺ 27, ശനിയാഴ്‌ച

'ബലിയാടുകൾ' 

ധീരതയോടെ 
അതിർത്തികളിൽ
രക്തസാക്ഷികളാകുന്ന 
ദേശത്തിന്റെ കാവൽക്കാർ 
ബലിയാടുകൾ തന്നെ !

ഒന്നായ  ഭൂമിയെ 
തുണ്ടുകളാക്കിതിരിച്ച്  
രാജ്യത്തിന്റെ  പേരുനല്കി 
മറുരാജ്യത്തെ  മനുഷ്യനെ
ശത്രുക്കളാക്കിയതാരാണ് ? 

ആകാശവും വായുവും 
ഭൂമിയുമൊന്നാണെന്നിരിക്കേ
ആർക്കുവേണ്ടിയാണ് 
അതിർത്തികളിലൊക്കെ 
മനുഷ്യൻ മരിച്ചുവീഴുന്നത് ?

മനുഷ്യസ്നേഹത്തെ 
ഒന്നായിക്കാണാത്ത 
ഭരണകൂടവും നിയമവും 
അസഹിഷ്ണുതയുടെ 
അണക്കെട്ടുകളാണ് ! 
വരും കാലത്തിന്റെ 
വലിയ സ്നേഹമർദ്ദത്തിൽ  
അവ ഒലിച്ചുപോകും !

പുഷ്പവണ്ടിയിൽ 
ഒരു മൃതദേഹം പോലും 
ഒരുവീട്ടിലുമെത്താതിരിക്കട്ടെ ! 

പക്ഷിക്കുപോലുമറിയുന്ന 
ഏകതയുടെ സ്വർഗ്ഗരാജ്യം 
മനുഷ്യൻ പണിതുയർത്തട്ടെ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -55 )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ