2019, ജൂലൈ 2, ചൊവ്വാഴ്ച

അഭിമന്യു,

നിന്നെക്കുറിച്ചു
ഒരുവരിപോലും
എഴുതാനാകാത്ത
ദുർബലതയിലേക്കു
ഞാൻ
ചുരുങ്ങിപോയിരിക്കുന്നു !

ആരോടെന്നില്ലാത്ത
ദേഷ്യവും, സങ്കടവും
അമർഷവും കലർന്ന്
കവിതയാകാതെ
വരികളൊക്കെ
രൂപം മാറിപ്പോകുന്നു !

തൂലിക
തോക്കായിരുന്നെങ്കിൽ !

അഭിമന്യു

മഹാരാജാസിനെ
നെഞ്ചിലേറ്റിയ
നിന്റെ നെഞ്ചകം
പിളർന്നുവീണതു
മഹാരാജാസിന്റെ
മണ്ണിൽത്തന്നെ!

അനന്തരം
പെയ്തമഴയിൽ
കർക്കടകം
നിന്റെ രക്തം
അറബിക്കടലിലേക്ക്
ഒഴുക്കിയിട്ടുണ്ട് ...

നാളെ
കടൽ ചുവക്കും
ചുട്ടുപഴുത്ത സൂര്യൻ
ആകാശം ചുവപ്പിക്കും!


ഈയാംപാറ്റകൾ
ചിറകുകൾ നഷ്ടപ്പെട്ട്
അഗ്നിയിൽ
എരിഞ്ഞടങ്ങും! 

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

പക


ഓരോ കൊലയും
അവശേഷിപ്പിക്കുന്ന
ഒടുങ്ങാത്ത
ഒരു പകയുണ്ട് !

കൊലയിൽനിന്നു
കൊലയിലേക്കുള്ള പക
പുകഞ്ഞു പുകഞ്ഞു 
ആളിക്കത്തി
ആളെക്കൊല്ലുന്നു !

രക്തവും
കണ്ണീരും കലർന്ന
പ്രളയത്തിൽ
കൊന്നവനും
കൊല്ലപ്പെട്ടവനും
അവസാനിക്കുന്നു !

എന്നും
സ്വപ്നങ്ങളില്ലാതെ
അമ്മമാത്രം
ബാക്കിയാകുന്നു !

അപ്പോഴും
പക
എവിടെയോ
ആയുധങ്ങൾ
മിനുക്കുന്നുണ്ടാകണം!