2020, ജൂലൈ 28, ചൊവ്വാഴ്ച

അമ്മ 

അമ്മ,
യാത്ര പോകുമ്പോൾ 
വെളുപ്പിനുണ്ടാക്കുന്ന 
പൊതിച്ചോറിന്റെ പേര് 

ഭക്ഷണം കുറവാണെങ്കിൽ 
അതെനിക്കിഷ്ടമല്ലെന്നും 
വിശക്കുന്നില്ലെന്നും പറയുന്ന
കരുതലിന്റെ പേര്

തെറ്റുകൾ, ശരികളാക്കി
പരാവർത്തനം ചെയ്ത്
മറ്റുള്ളവരുടെ  മുമ്പിൽ
എന്നെ  പ്രതിരോധിക്കുന്ന
രക്ഷാകവചത്തിന്റെ പേര് 

എന്നെക്കാളിരിട്ടിയിൽ 
എന്റെ സുഖവും ദുഃഖവും
അനുഭവിച്ചറിയുന്ന 
മാനുഷ്യകത്തിന്റെ പേര് 

അസുഖകിടക്കയിൽ 
ഞാനുറങ്ങിക്കിടക്കുമ്പോൾ
കണ്ണടക്കാതെയിരിക്കുന്ന
മരുന്നിന്റെ പേര്  

...എന്റെ വരികൾക്ക് 
പ്രതിഫലിപ്പിക്കാനാകാതെ 
അപൂർണ്ണമായിപോകുന്ന 
സ്നേഹസാഗരത്തിന്റെയും പേര്
അമ്മ !



സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -59)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ