2020, ജൂലൈ 28, ചൊവ്വാഴ്ച



അവിവാഹിതർ 

വിവാഹപ്രായംകഴിഞ്ഞ
(അങ്ങനെയൊന്നില്ലെങ്കിലും!)
അവിവാഹിതരെ
ചൂഴ്ന്നെടുക്കുന്ന
ചില കഴുകൻ കണ്ണുകളുണ്ട് ...

എന്തുകൊണ്ട്
വിവാവാഹിതരാകുന്നില്ല ?
എന്നതിനേക്കാൾ
ആരുമായുമൊക്കെയായാണ്
സംസർഗമെന്നാണ്
സത്യാന്വേഷികൾക്കറിയേണ്ടത് !

പട്ടായയിലോ
ഗുണ്ടൽപേട്ടയിലോ
സോനാഗച്ചിയിലോ
വെടിയുതിർക്കുന്നതിന്റെ
വീരകഥകൾ കേൾക്കാനും
ഇഷ്ടമുള്ളവർ ഏറെയുണ്ട് !

രതി,
അവരവരുടെ സ്വാതന്ത്രത്തിന് 
അങ്ങനെയങ്ങ് വിട്ടുകൊടുക്കാതെ 
സ്വകാര്യതയിലേക്ക് 
നുഴഞ്ഞുകയറുന്നവരുമുണ്ട് !

അവിവാഹിതർ
പലർക്കുമൊരു ചോദ്യചിഹ്നം  .
കാഴ്ചക്കാർക്കവർ 
ആൾത്താമസമില്ലാത്ത,
വിഷസർപ്പങ്ങളിഴയുന്ന 
ദുരൂഹമായ ദ്വീപുപോലെയാണ്...

അവിവാഹിതർ
കെട്ടിയിട്ടില്ലെങ്കിലും
'കെട്ടുകഥ'കളിലെ 
കേന്ദ്രകഥാപാത്രം തന്നെ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -60)

അമ്മ 

അമ്മ,
യാത്ര പോകുമ്പോൾ 
വെളുപ്പിനുണ്ടാക്കുന്ന 
പൊതിച്ചോറിന്റെ പേര് 

ഭക്ഷണം കുറവാണെങ്കിൽ 
അതെനിക്കിഷ്ടമല്ലെന്നും 
വിശക്കുന്നില്ലെന്നും പറയുന്ന
കരുതലിന്റെ പേര്

തെറ്റുകൾ, ശരികളാക്കി
പരാവർത്തനം ചെയ്ത്
മറ്റുള്ളവരുടെ  മുമ്പിൽ
എന്നെ  പ്രതിരോധിക്കുന്ന
രക്ഷാകവചത്തിന്റെ പേര് 

എന്നെക്കാളിരിട്ടിയിൽ 
എന്റെ സുഖവും ദുഃഖവും
അനുഭവിച്ചറിയുന്ന 
മാനുഷ്യകത്തിന്റെ പേര് 

അസുഖകിടക്കയിൽ 
ഞാനുറങ്ങിക്കിടക്കുമ്പോൾ
കണ്ണടക്കാതെയിരിക്കുന്ന
മരുന്നിന്റെ പേര്  

...എന്റെ വരികൾക്ക് 
പ്രതിഫലിപ്പിക്കാനാകാതെ 
അപൂർണ്ണമായിപോകുന്ന 
സ്നേഹസാഗരത്തിന്റെയും പേര്
അമ്മ !



സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -59)