2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച

എന്നെയവർ *


മധു. 
മധുരമറിയാത്ത  
കയ്പുമാത്രമറിഞ്ഞ 
ആദിവാസി !

അരിയും മല്ലിയും 
മോഷ്ടിച്ചതാണ് കുറ്റം !
അവനുവേണ്ടി 
ചിലവാക്കപ്പെട്ട കോടികൾ 
നിന്റെ വയറ്റിലായതുകൊണ്ടാണ് 
അവന്  വിശന്നത് ! 

ചിലപ്പോഴൊക്കെ 
വിശക്കുന്നവന്റെ 
ഒരേയൊരവകാശവും 
പ്രത്യയശാസ്ത്രവും 
മോഷണം മാത്രമാണ് !

അമ്മ ഉരുട്ടിത്തന്നത്
തീട്ടമായതുകൊണ്ടാണ്  
ഒരുപിടിച്ചോറിലെ
സ്നേഹവും സൗഖ്യവും
നീയറിയാതെ പോയത് !

അവന്റെ മണ്ണിലാണ് 
നീ മാളിക പണിതത് 
കൃഷിയിറക്കിയത് 
അവനെത്തന്നെ
അടിമയാക്കി 
പണിയെടുപ്പിച്ചത് !

മാറിമാറി വരുന്ന 
അധികാരത്തിന്റെ അപ്പം 
നക്കുന്നതുകൊണ്ടാണ് 
അന്ധയായ നീതിദേവത 
എന്നും നിന്റെ കൈകളിൽ !

കൊടിയും 
പുണ്ണ്യഗ്രന്ഥവും
തിരിച്ചെടുക്കുക !
നിന്റെ തന്തയും തള്ളയും 
ഉണ്ടാക്കിയതല്ലാത്ത 
അവന്റെ  'കാടും മണ്ണും' മാത്രം 
തിരിച്ചുനൽകുക !

സെൽഫിയെടുത്തശേഷം 
സൂക്ഷിച്ചുനോക്കിയോ ?
കാട്ടിലെ  അവനെക്കാളും 
നാട്ടിലെ നീ തന്നെയാണ് 
അപരിഷ്‌കൃതൻ 
ഗുഹാമനുഷ്യൻ!

എന്നിട്ടും ...



*  ശ്രീ മധുവിന്റെ മരണമൊഴി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ