കോറോണക്കാലത്തെ കവിതകൾ -17
'സംഘ പരിവാറിലേക്ക്' ...
ഇന്റർനെറ്റ് യുഗത്തിൽഒറ്റപ്പെട്ടുപോയൊരാൾ
എന്തുചെയ്യാനാഗ്രഹിക്കും?
സ്വാഭാവികമായും,
ഗ്രൂപുകളിൽ ചെന്ന്സജീവമാകും!
പലഗ്രൂപ്പുകളിൽ നിന്നും
സജീവമല്ലായെന്നുപറഞ്ഞ്
പണ്ടേ പടിയടച്ചുപുറത്താക്കപെട്ട
ഈ ഞാൻ എന്തുചെയ്യും ?
അല്ല, ഗ്രൂപ്പുകളും
പ്രെശ്നം തന്നെയാണല്ലോ !
എന്നെക്കൊണ്ട് പറ്റാത്ത
ഒരുപാട് ഗെയിമുകളുണ്ടവിടെ.
ഒന്ന്, ഗ്രുപ്പിലെ ബുദ്ധിയുള്ളവർ `
ആരാണെന്നു നോക്കാമല്ലോയെന്നും
പറഞ്ഞുവരുന്ന പ്രഹേളികയാണ് .
തനി പരിഹാസങ്ങൾ !
രണ്ട്, ഓടും സിംഹത്തെ
പറക്കും പക്ഷിയെ
അല്ലെങ്കിലതുപോലെയുള്ള
ഏതെങ്കിലുമൊരു വഴുവഴുപ്പിനെ
ഒരു ബിന്ദുവിലേക്കെത്തിക്കുകയാണ് .
ഞോണ്ടിക്കൊണ്ടിരിക്കാമെന്നല്ലാതെ
അതൊന്നുമൊരിക്കലും നേരെവന്നിട്ടില്ല .
ചന്തയിൽപോയി നല്ലമീൻ വാങ്ങി
വീട്ടിലെത്തിക്കാനറിയാത്ത ഈ ഞാൻ!
പിന്നെയുള്ളത് ഗണിതപ്രപഞ്ചം.
മാങ്ങ 10 + ചക്ക 20 = Y എന്നുതുടങ്ങും
സമസ്യകൾക്കൊക്കെ ഞാനെങ്ങനെ
ഉത്തരം കണ്ടുപിടിക്കും ?
പ്ലസ്ടുവിനു കണക്കിന്
തോക്കുമെന്നുറപ്പായപ്പോൾ
ടീച്ചറുടെയടുത്തുപോയിരുന്ന്
സൈൻതീറ്റയും കോസ്തീറ്റയും തിന്ന്
കടന്നുകൂടിയതാണെന്റെ
കണക്കായ കണക്കൊക്കെയും !
ഇങ്ങെനെയൊക്കെയാണെനിക്ക്
ഗ്രൂപുകളിൽ ജീവനില്ലാതെ പോയത്.
അന്ന് പുറത്താക്കപ്പെട്ടപ്പോൾ
കേവലം 'ക്യാ ഹെ' അവസ്ഥ.
ഞാനറിഞ്ഞോ പത്തുമുപ്പതു ദിവസം
സ്റ്റേ അറ്റ് ഹോം വരുമെന്ന് ?
കോവിഡ് -19 എന്നുകേൾക്കുന്നതുതന്നെ
ജീവിതത്തിലാദ്യമായാണ് !
എന്നാലിന്ന്, ഉളുപ്പില്ലാണ്ട്
ഗ്രൂപുകളിൽ ചെന്നുനോക്കാം.
മനുഷ്യവംശത്തിനുവേണ്ടി
ഞാനും വീട്ടിലിരിക്കേണ്ടതുണ്ട്.
വീട്ടിലിരിക്കണമെങ്കിൽ
ഞാൻ ഗ്രൂപ്പുകളിലേക്കു
മടങ്ങിപ്പോകേണ്ടതുമുണ്ട്.
കോറോണയിൽ നിന്നും
പ്രാണനെ രക്ഷിച്ചെടുക്കാൻ
കോറോണയെക്കാൾ ഭീകരരുള്ള
കൂട്ടുകുടുംബത്തിലേക്ക്
ഞാൻ മടങ്ങിപോകട്ടെ!
സനീഷ് കായണ്ണ ബസ്സാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ