2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

മരക്കുതിര...



















ഇന്ന് 
ചിലന്തിവലകള്‍ക്കിടയില്‍നിന്നും 
എന്‍റെ  കുട്ടിക്കാലത്തെ 
ഞാന്‍ വീണ്ടെടുത്തു...

അച്ഛനായിരുന്നു 
മുറിഞ്ഞുപോയ മരക്കുതിര
തട്ടിന്‍പുറത്തിട്ടത്.
മരക്കുതിര മടങ്ങിവന്നു.
കണ്ണില്‍ ഏഴുകടലുകളിലെ ഉപ്പ്‌.
ഉള്ളില്‍ കരിമേഘങ്ങളുടെ കാട്...

മരക്കുതിര.
ഇലഞ്ഞിപ്പൂവിന്‍റെ മണം.
നക്കിനക്കി വെളുപ്പിച്ച മാങ്ങയണ്ടികള്‍.
ഇന്ന് ഓര്‍മ്മകളുടെയറ്റത്ത്
മരക്കുതിര വാങ്ങിത്തന്ന 
'മുറിഞ്ഞുപോയ' അച്ഛന്‍ ...
 

എനിക്കിന്നും 
മരക്കുതിരയുടെ പുറത്ത് സഞ്ചാരം. 
ജീവിക്കാനറിയാത്ത 
നിരാശ്രിതന്റെ സ്വപ്നം.
ജയമില്ലാത്ത യുദ്ധത്തില്‍ 
നഷ്ടങ്ങളുടെ പൊള്ളല്‍ ...
രാത്രിയും പകലും ചേര്‍ത്തുകെട്ടിയ 
തിരക്കുകളുടെ നൂല്‍പ്പാലത്തിലൂടെ 
മരക്കുതിരയില്‍ സഞ്ചാരം...

തിരക്കുകളുടെ  ലോകം.
ചിരിക്കാനും ശ്വസിക്കാനും 
പഠിപ്പിക്കുന്ന കോഴ്സുകള്‍ .
ഉറങ്ങാന്‍ ശ്രമിക്കുന്ന 
തീപിടിച്ച തലകളുടെരാത്രി.
ഉപേക്ഷിക്കപ്പെടുന്ന സ്നേഹം...
പ്രിയപ്പെട്ട സുഹ്രത്തേ
എങ്ങുമെത്താത്ത തിരക്കില്‍ 
എങ്ങുമെങ്ങുമെത്തിക്കാത്ത 
മരക്കുതിരയുടെ പുറത്ത് 
നീയുമുണ്ടോ? 

ഞാനെന്‍റെ മരക്കുതിരയെ
ചിലന്തികള്‍ക്ക് തന്നെ 
തിന്നാന്‍ കൊടുക്കട്ടെ...

[short listed poem for I V Das award,ദേശാഭിമാനി,08 -05 -2011].

3 അഭിപ്രായങ്ങൾ:

  1. മുതിര വേണ്ടാത്തെ കുതിരയേറി
    എങ്ങോട്ടേക്കുമല്ലാതെ
    ഞാനും വരാം.
    നന്നായിട്ടുണ്ട് ഈ മരക്കുതിര. അതിനു ജീവനുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. മരക്കുതിരയിലേറിയ രാജകുമാരാ
    നിനക്കു വന്ദനം..
    നല്ല എഴുത്ത്.. കവിതകളുടെ ലോകത്തെ സഞ്ചാരം തുടരട്ടെ

    മറുപടിഇല്ലാതാക്കൂ