'എന്റെ കുപ്പായങ്ങൾ '
കുട്ടികാലത്ത്
എനിക്ക് കുപ്പായങ്ങളില്ലായിരുന്നു ...
സ്കൂളിൽ പഠിക്കുമ്പോൾ
സമപ്രായക്കാരായ അയൽക്കാരുടെ
പഴയ കുപ്പായങ്ങൾ
അമ്മ വാങ്ങിത്തന്നിരുന്നു.
പിന്നെ, പെയിന്റുപണിക്കുപോകുന്ന
പപ്പേട്ടന്റെ റെഡോക്‌സൈഡുവീണ
വെള്ളക്കുപ്പായവുമുണ്ടായിരുന്നു ...
ഹോസ്റ്റലിൽ ചേർന്നപ്പോൾ
അമ്മ പണിക്കുപോകുന്ന വീട്ടിലെ
ടീച്ചറുടെ മകന്റെ പാകമാകാത്ത
കുടുക്കുപൊട്ടിയ കുപ്പായങ്ങൾ ...
ബിരുദത്തിനു പഠിക്കുമ്പോൾ
ബാബുവേട്ടന്റെ ഇളം പിങ്കും
സജിയുടെ മുട്ടമഞ്ഞനിറത്തിലുള്ള
കടം വാങ്ങിയിടുന്ന കുപ്പായങ്ങൾ ...
ബിരുദാനന്തര ബിരുദത്തിന്
സമാന്തരമായി ജോലിചെയ്തതിനാൽ
മിഠായിത്തെരുവിൽനിന്നും വാങ്ങുന്ന
നൂറിന്, രണ്ടും മൂന്നും കിട്ടുന്ന
നിറം പോകുന്ന കുപ്പായങ്ങൾ ...
ഗവേഷണത്തിനഡ്‌മിഷനായപ്പോൾ
കാലിക്കറ്റ് സർവകലാശാലയിലെ
ലൈബ്രെറിയനായിരുന്ന സുജച്ചേച്ചി
സമ്മാനിച്ച രണ്ടു ജോഡി കുപ്പായങ്ങൾ ...
ജോലി കിട്ടിയിട്ടും
കുപ്പായങ്ങൾ നിന്നുപോയില്ല !
ബ്രെണ്ണനിലെ ഒരു എം എ ബാച്ച്
ബ്രാൻഡ് കുപ്പായം തന്നിട്ടു പറഞ്ഞു
''ഇങ്ങെനെയൊക്കെയിട്ടുനടക്കൂ സാറെ''!
ട്രാൻസ്ഫെറായിപോകുമ്പോൾ
ഭാരതി ടീച്ചറാണാദ്യമായൊരു
ചെക്കു കുപ്പായം വാങ്ങിത്തന്നത് .
പെങ്ങളുടെ കല്ല്യാണത്തിനയിച്ച
പ്രിയടീച്ചറുടെ പതിനായിരത്തിൽനിന്ന്
ആദ്യത്തെ ജീൻസിന്റെ കുപ്പായം ...
പിന്നീടെപ്പോഴോ,
കുപ്പായങ്ങൾ കൊടുക്കുന്നവനായി
പരിണമിച്ചപ്പോഴാണ്
കൊടുക്കുന്നതിലെ സുഖമറിഞ്ഞത് ...
കുപ്പായങ്ങളുടെ പളുപളുപ്പ്
ഒരിക്കലുമെന്നെ ബാധിച്ചിട്ടില്ലെങ്കിലും
എനിക്കു കിട്ടിയ കുപ്പായങ്ങളൊക്കെ
മനസ്സിലിരുന്ന് മിന്നിയവെളിച്ചത്തിലാണ്
ഇരുട്ടുഞാൻ കെടുത്തിയതൊക്കെയും !
ഇനി ഞാൻ
അവസാനത്തെ വെള്ളക്കുപ്പായം
സന്തോഷത്തോടെ പുതക്കും !
സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -50 )