2024, ഡിസംബർ 27, വെള്ളിയാഴ്‌ച

കോറോണക്കാലത്തെകവിതകൾ -37 

പ്രത്യാശ 

ഹാ,
പുണ്യനഗരങ്ങൾ !
ഹരിദ്വാറിൽ
ആരതിച്ചൂടില്ലാതെ
ഗംഗാനദി തണുത്തു.
മെക്കയിലും മദീനയിലും
ശൂന്യതയുടെ തിരക്ക്.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ
പോപ്പിന്റെ ഏകാന്ത പ്രാർത്ഥന!

ഹാ,
ആധുനിക നഗരങ്ങൾ !
ബെർലിനും  പാരീസും
ബിർമിംഗ്ഹാമും ബെർണും
ബെയ്‌ജിംഗും ടെഹ്‌റാനും
ചിക്കാഗോയും  മാഡ്രിഡും
ചലനമറ്റുകിടക്കുന്നു!

കലാപങ്ങൾ
അതിർത്തികളിൽ 
അതിർത്തികടന്നിട്ടുണ്ട് .
ഇന്ത്യയും പാക്കിസ്താനും
ഇസ്രയേലും ലെബനോനും
ഉക്രൈനും  റഷ്യയുമെല്ലാം
ആശുപത്രികിടക്കയിലാണ്!

തെംസ് നദി 
ലണ്ടനിലേയും
വെയിൽസിലേയും 
ശവക്കാറ്റുപേറി 
ദുഖിതയായൊഴുകുന്നു!

നാളെ ,
ന്യൂയോർക് ഹാർബറിൽ
ലിബെർട്ടാസിന്റെ
ഇടതുകരത്തിൽ
സ്വാതന്ത്രത്തിന്റെ
പുതിയൊരു തീയതികൂടി
കുറിക്കപ്പെടുമെന്ന്
ഞാൻ പ്രത്യാശിക്കട്ടെ !!

സനീഷ് കായണ്ണ ബസ്സാർ

ക്ഷമിക്കുക...


അറിയാതെയെൻ നഖം 
നിൻ മൃദുദളങ്ങളിൽ 
കോറിയിട്ടുണ്ടെങ്കിൽ 
കുഞ്ഞുപൂവേ,ക്ഷമിക്കുക!

അറിയാതെ നിന്നിളം 
പുല്നാമ്പുറക്കെയെൻ 
പാദം ചവിട്ടിയിട്ടുണ്ടെങ്കിൽ 
പുൽക്കൊടീ,ക്ഷമിക്കുക!

അരുമയാം കിളികുഞ്ഞിനെ
അലിവോടെ തലോടിയാനേരം 
അറിയാതെചെറുതൂവലെങ്ങാനും
അടർന്നുവോകിളിയേ?ക്ഷമിക്കുക!

അറിയാതെയെന്നാകിലും 
ആയിരമായിരമാകുഞ്ഞനു
റുമ്പുകളേയും കൊന്നുപോയി
കൊച്ചുറുമ്പേ,ക്ഷമിക്കുക!

അറിയാതെയെങ്ങാനുമെൻ 
വാക്കുനിൻ മാനസത്തിൽ  
മുള്ളായ്ത്തറഞ്ഞുവെങ്കിൽ 
മൗനമായ്,നീയും ക്ഷമിക്കുക!

ഒരുപുഞ്ചിരി നിനക്കേകാൻ
മറന്നുവാസന്തമേ,ക്ഷമിക്ക നീ 
വരുംമൊരുവർഷ,മന്നെൻ 
ഹൃദയപുഷ്‌പം നീ ചൂടുക ! 

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ-57)